കാട്ടാക്കട നിയോജക മണ്ഡലത്തെ വ്യവസായ സൗഹൃദ മണ്ഡലമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി വ്യവസായ-വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രവും കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാട്ടാക്കട വിസ്മയ ബാങ്കറ്റ് ഹാളിൽ ഏകദിന സംരംഭ വികസന ശില്പശാല സംഘടിപ്പിച്ചു.
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വ.ഐ.ബി സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ.എസ് ഷിറാസ് സ്വാഗതം ആശംസിച്ചു .മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജെ.സുനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ, വാർഡ് അംഗം ദിവ്യ എ.വി, ഉപജില്ലാ വ്യവസായ ഓഫീസർ ഷിബു ഷൈൻ വി സി എന്നിവർ സന്നിഹിതരായി.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശരത് വി.എസ് മോഡറേറ്ററായി ബിസിനസ് ആശയരൂപീകരണം, സാമ്പത്തിക സഹായ പദ്ധതികൾ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, ലൈസൻസിംഗ് സമ്പ്രദായങ്ങൾ, വിപണന തന്ത്രങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെയും ബാങ്കിംഗ് സ്ഥാപനങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ച എന്നിവയും സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 100 സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്ത് സംരംഭം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.