തിരുവനന്തപുരം : അനധികൃത പന്നി ഫാമുകൾ പൂട്ടാൻ മരണവരെ അനിശ്ചിത കാല നിരാഹാര സമരം നടക്കുന്നതിനിടെ പന്നി ഫാമിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ട് വന്ന പന്നി വിസർജ്യം വിലപ്പിൽശാല പോലീസ് പിടിച്ചെടുത്തു. പൂവച്ചൽ ഗ്രമപഞ്ചായത്തിലെ പാറാംകുഴി ഭാഗത്തു ചെറുപുഷ്പം ശാന്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹരിതം പന്നി ഫാമിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ട് വന്ന പന്നി വിസർജ്യം വിലപ്പിൽശാല പോലീസ് പിടിച്ചെടുത്തത്. സംഭവം ആയി ബന്ധപ്പെട്ട് ഡ്രൈവർ അജി ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മാലിന്യം തിരികെ കയറ്റി ഫാമിലേക്ക് മാറ്റിയതായി വിളപ്പിൽശാല പൊലീസ് പറഞ്ഞു.
മാലിന്യം ഫാമിനു അടുത്തുള്ള റോഡിലും വസ്തുവിലും ആണ് നിക്ഷേപിച്ചത്. വാഹനം കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 16 ന് നഗരത്തിൽ നിന്നും കൊണ്ട് വന്ന ഒരു ലോഡ് മാലിന്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിരുന്നു. എന്നാൽ അധികൃതർ കണ്ടഭാവം ഇല്ല.
വാർഡ് അംഗത്തിന്റെ ഉൾപ്പെടെ 50 ലേറെ ഫാമുകൾക്കെതിരെ വർഷങ്ങളായി നടക്കുന്ന സമരം
കാട്ടാക്കട, പൂവച്ചൽ ഗ്രാമപപഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഈ പരിധിയിൽ 30 ലേറെ പന്നിഫാമുകൾ അനധികൃതമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി സമരം നടക്കുന്നു വെങ്കിലും നാളിതുവരെയും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കട്ടയ്ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് പ്രദേശങ്ങളിലാണ് ഫാമുകൾ കൂടുതലായുള്ളത്. ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ പഞ്ചായത്തും പോലീസും കാട്ടാക്കട താലൂക്കും ഇടപെട്ടെങ്കിലും നാളിതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പല ചർച്ചകളും പോലീസ് സ്റ്റേഷനുകളിലും പഞ്ചായത്തുകളും നടത്തിയെങ്കിലും പന്നി ഫാമുടമകൾ കോടതി ഉത്തരവ് ഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. എന്നാൽ അത്തരം ഒരു കോടതി ഉത്തരവുകൾ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതെ സമയം ഫാമുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചില പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണ ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.വ്യാഴാഴ്ച പൊലീസ് വിളിച്ച യോഗത്തിലും പ്രശ്ന പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല, സമരസമിതി പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി.
കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ വിളിച്ച സർവകക്ഷി യോഗത്തിൽ ഫാമുകൾ അടച്ച് പൂട്ടണമെന്ന് ആവശ്യംപ്പെട്ടു. സമരം പിൻവലിക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം സമരക്കാർ തള്ളി.
ജില്ലയിലെയും തമിഴ്നാട്ടിലെയും ഫാം ഉടമകൾ സംഘടിച്ച് ഫാമിനെതിരെ ശബ്ദിക്കുന്നവരെ ആക്രമിക്കാനുള്ള ശ്രമങ്ങൾ കൂടി ആരംഭിച്ചു. ഇതേ തുടർന്ന് ശവമഞ്ച സമരം, ശയന പ്രദക്ഷിണം എന്നിവ പഞ്ചായത്ത് പടിക്കൽ നടത്തി. സംഭവത്തിൽ സമരക്കാരുടെ വീടുകൾക്ക് നേരെ പന്നി ഫാമുകൾ ആക്രമണം നടത്തുകയും വീടിനു മുന്നിൽ കറുത്ത കൊടികൾ കെട്ടുകയും ചെയ്തു. വാർത്ത ചിത്രീകരിക്കാൻ എത്തിയ മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്യാനും പന്നിഫാമുടമകൾ ശ്രമിച്ചു.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ് കാട്ടാക്കടയും പൂവച്ചലും. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ നേതാക്കളുടെയും ചില വാർഡ് മെമ്പർ മാരുടെയും ഒത്തശയോടെയാണ് ഫാമുകൾ പ്രവർത്തിക്കുന്നത് എന്ന് ജനസംസാരം നടക്കുന്നതിനിടെ തന്നെ പൂവച്ചലിലെ നേതാവ് ജനകീയ സമര സമിതി പൂവച്ചൽ ഗ്രാമപപഞ്ചായത്ത് ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് പരസ്യമായി വലിച്ചു കീറി നശിപ്പിച്ചു.
കാട്ടാക്കട, പൂവച്ചൽ, വിളപ്പിൽ പഞ്ചായത്തുകൾ അതിരിടുന്ന കട്ടയ്ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് പ്രദേശങ്ങളിൽ ഇരട്ടി പ്രഹരമായി മാലിന്യം നഗരത്തിലെ അറവുശാലകളിൽ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെ കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങളാണ് ഇവയ്ക്കു ആഹാരം. ഇവയിൽ ആവശ്യമായവ എടുത്തശേഷം ബാക്കിയുള്ള ഉപേക്ഷിക്കുന്നു. ജലസ്രോതസുകളിൽ മലിനജലം ഒഴുകാൻ തുടങ്ങിയതോടെ ഇത് വീടുകളിലെ കിണറുകളിലെ വെയ്ക്കും പോലും മലിനമാക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് ത്വക്ക് രോഗങ്ങളും ശ്വാസ കോശ രോഗങ്ങളും വ്യാപകം. പലവട്ടം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം മഴക്കാലത്ത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഒരു മാനദണ്ഡവും പാലിക്കാതെ ഷെഡുകളിലാണ് ഇത്തരം ഫാമുകൾ പ്രവർത്തിക്കുന്നത്.
റവന്യൂ വകുപ്പിന്റെ കണക്കിൽ പൂവച്ചൽ പഞ്ചായത്തിൽ മാത്രം 11 ഫാമുകളിലായി 1000 ത്തിലേറെ പന്നികളെ വളർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ അഞ്ച് പന്നികളെ വളർത്താനു അനുമതി ദുരുപയോഗം ചെയ്ത് 200 വരെ പന്നികളെ വരെ ചിലയിടത്ത് വളർത്തുന്നുണ്ട്. ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാട്ടാക്കട താലൂക്ക് അദാലത്തിൽ മന്ത്രിമാർക്ക് മുന്നിലും പ്രശ്നമെത്തി. ഉടൻ നടപടിയെടുക്കാൻ മന്ത്രിമാർ നിർദേശം നൽകിയെങ്കിലും അവ വെളിച്ചം കണ്ടില്ലന്നാണ് ആരോപണം. നവകേരള സദസ്സ് നടക്കുന്ന കഴിഞ്ഞ ഡിസംബറിൽ സമരം നടത്താൻ പ്രഖ്യാപനം നടത്തി വന്ന പ്രവർത്തകരെ പൊലീസ് പിന്തിരിപ്പിച്ചു. കഴിഞ്ഞ ഡിസംബർ 26 കഴിയുന്നതോടെ ഫാമുകൾ അടച്ചു പൂട്ടും എന്ന് ഉറപ്പ് നൽകി. എന്നാൽ അതും പാഴ്വാക്കായി മാറി.
പൂവച്ചൽ പഞ്ചായത്തിൽ പെട്ട കൊണ്ണിയൂർ ചക്കിപ്പറയിൽ അധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാമിൽ സമാനായി പ്രശ്നങ്ങൾ ഉണ്ടയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ ഉടമ ചെവിക്കൊള്ളാൻ തയാറാകാത്തതിനെ തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ പ്രസിഡന്റ് ആയിരുന്ന രാമചന്ദ്രനും ആരോഗ്യ വകുപ്പും എത്തി എല്ലാ പന്നികളെയും പിടിച്ചു മാറ്റി പന്നിഫാമിനു പൂട്ടിട്ടു. എന്നാൽ ഈ ഭരണ സമിതി എന്ത് കൊണ്ട് പന്നി ഫാമുകൾ ക്കെതിരെ നടപടി എടുക്കാത്തത് എന്നാണ് ചോദ്യം ഉയരുന്നത്.
അധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൂവച്ചൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല നിരാഹാര സമരം 5 -ാം ദിവസത്തിലേക്ക്. സമര സമിതി വൈസ് പ്രസിഡന്റ് ഷൈനി ജസ്റ്റിൻ ആണ് അനിശ്ചിത കാല നിരാഹാരം കിടക്കുന്നത്. വീരണകാവ് ഹെൽത്ത് സെന്ററിൽ നിന്നും ഡോക്ടർ എത്തി പരിശോധനകൾ നടത്തി ആരോഗ്യ സ്ഥിതി പ്രശ്നമാണ് എന്നും സമരക്കരോട് പറഞ്ഞു വെങ്കിലും ഇതിനൊരു തീരുമാനമാകാതെ സമരം അവസാനിപ്പിക്കാൻ തയാറല്ലാനും പറഞ്ഞു. എന്നാൽ ഷൈനി ജസ്റ്റിന്റെ ആരോഗ്യ നില വഷളായിട്ടും സമരം ശക്തമായി തുടരാനാണ് ജനകീയ സമിതി തീരുമാനമെന്ന് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രസിഡന്റ് പി.ഡേവിഡ്സനും സെക്രട്ടറി എം.എം.ഷഫീക്കും പറഞ്ഞു.