തിരുവനന്തപുരം : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ സുധാകരനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കേസില്‍ രണ്ടാം പ്രതിയാണ് കെപിസിസി പ്രസിഡന്റ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ സുധാകരന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. മോന്സണ് മാവുങ്കലുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിരത്തിയായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്തത്. മൊഴിയിലെ വൈരുദ്ധ്യം സുധാകരന് തിരിച്ചടിയായി. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ആറ് മണി വരെ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. അറസ്റ്റിൽ ആശങ്ക ഇല്ലെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനൽകിയത്. സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൻ മാവുങ്കൽ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവർ മോൻസൻ മാവുങ്കലിന് നൽകിയത്. പണം നൽകുമ്പോൾ മോൻസനൊപ്പം കെ സുധാകരൻ ഉണ്ടായിരുന്നെന്നാണ് പരാതി. മോൻസൻ മാവുങ്കൽ, കെ സുധാകരന് പത്ത് ലക്ഷം രൂപ നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിരുന്നു
അതെ സമയം കെ സുധാകരനെതിരായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.