തിരുവനന്തപുരം: വർക്കലയിൽ വിവാഹ തലേന്ന് വധുവിന്റെ പിതാവിനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജു (62) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഇന്ന് വർക്കല ശിവഗിരിയിൽ മകളുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.
വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതികളെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും വിഷ്ണുവിന്റെ നടപ്പ് ശരിയല്ലാതിരുന്നതിനാൽ വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് ജിഷ്ണുവുമായിട്ടുള്ള അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. ഇതിനു ശേഷം മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.
ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു. അക്രമണത്തിൽ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വർക്കല പൊലീസ് പറയുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. രാജന്റെ മൃതദേഹം വർക്കല എസ് എൻ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളജിൽ മാറ്റും. മരണപ്പെട്ട രാജൻ ഓട്ടോ ഡ്രൈവർ ആണ്.